To listen you must install Flash Player.

Sunday 4 August 2013



വമ്പന്‍ ഗുണമുള്ള രംഭയില


സുഗന്ധം നല്‍കാന്‍ ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് 'രംഭയില അഥവാ ബിരിയാണിക്കൈത' മൊളുക്കാസ് ദ്വീപസമൂഹങ്ങളില്‍ ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്‍ വളരെ നേരത്തേതന്നെ ചിലര്‍ ഇത് വളര്‍ത്തിവന്നിരുന്നു. പല നഴ്‌സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.

താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തില്‍പ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തില്‍ പണ്ടാനസ് അമാരിലിഫോളിയസ് എന്നും 'പണ്ടാനസ് ലാറ്റിഫോളിയസ്' എന്നും പറയും. സാധാരണഗതിയില്‍ ഈ ചെടി പൂക്കില്ല. എന്നാല്‍, മൊളുക്കാസ് ദ്വീപില്‍ വളരെ അപൂര്‍വമായി ആണ്‍പുഷ്പങ്ങള്‍ ഉത്പാദിപ്പിക്കാറുണ്ട്.

ഇത് തെക്കുകിഴക്കേഷ്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ബോര്‍ണിയോ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. കൈതവര്‍ഗമാണിത്.

ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നല്‍കാന്‍ ഇല ചേര്‍ക്കുന്നു. അലങ്കാര സസ്യമായി നടാന്‍ ഇത് നല്ലതാണ്. കറികള്‍ക്കും മാംസാഹാരത്തിനും മണംപകരാന്‍ ഇല ഉപയോഗിക്കുകയും ചെയ്യാം. ചോറും തേങ്ങാപ്പാലും രംഭയിലയുമടങ്ങിയ 'നാസികുനിങ്' എന്ന വിശിഷ്ട വിഭവം ഇന്‍ഡൊനീഷ്യയില്‍ ഏറെ പ്രിയമുള്ളതാണ്.
പാചകത്തിന് പുറമേ ഐസ്‌ക്രീം, പുഡ്ഡിങ്, മധുരവിഭവനിര്‍മാണം എന്നിവയിലും ഇതുപയോഗിച്ചുവരുന്നു. ശീതളപാനീയങ്ങള്‍ക്ക് നിറവും ഗന്ധവും പകരാനും നല്ലതാണ്.

സ്വാഭാവികമായി വളരുന്നവയസരത്തില്‍ ഉദ്ദേശം ഒന്നരമീറ്ററോളം ഉയരത്തില്‍ ശിഖരങ്ങളില്ലാതെ, ഒറ്റത്തടിയായിട്ടാണ് ഈ ചെടി വളരുന്നത്. ഇതില്‍ത്തന്നെ ചെറിയതരം ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നില്‍ക്കുന്ന ഒരിനവുമുണ്ട്. വലിപ്പമേറിയ ഇലകള്‍ തരുന്നയിനവുമുണ്ട്. സാവധാനത്തിലേ വളര്‍ന്നുപൊങ്ങുകയുള്ളൂ. ഇതിന്റെ കടഭാഗത്തുനിന്ന് നിറയെ ചിനപ്പുകള്‍ പൊട്ടാറുണ്ട്. നിത്യഹരിത ഇലച്ചെടിയായതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ഉദ്യാനത്തിലും വെക്കാം.

ബസുമതി അരിക്ക് സുഗന്ധം നല്‍കുന്നതുപോലെ രംഭച്ചീരയിലയ്ക്കും സുഗന്ധം നല്‍കുന്ന ഘടകം 'അസറ്റെല്‍ പൈറോളീന്‍' ആണ്. ബസുമതിയിലേതിനേക്കാള്‍ കൂടുതല്‍ അളവിലാണ് ഈ ഘടകം രംഭയിലുള്ളത്.

ഈ ഇല ചൂടുവെള്ളത്തിലോ വെയിലത്തോ ഇട്ട് വാട്ടിയെടുത്താല്‍ നല്ല സുഗന്ധം പുറത്തുവരും. ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ട്. മാതൃചെടിയുടെ ചുവട്ടില്‍നിന്ന് വളരുന്ന കുഞ്ഞുതൈകള്‍ നടാം. ജൈവവളങ്ങള്‍ നല്‍കി കൃഷിയിറക്കാം. തൈ നട്ട് അഞ്ചാറുമാസമായാല്‍ ഇല നുള്ളി ഉപയോഗിക്കാം. സാധാരണ അരിയുടെ കൂടെ നാലഞ്ചിലയിട്ട് പാകംചെയ്താല്‍ ബസുമതിയരിപോലെ മണം ലഭിക്കും. ഗവേഷണഫലമായി രംഭയിലയില്‍നിന്ന് ഔഷധഗുണമുള്ള 'പന്‍ഡാനില്‍' എന്ന മാംസ്യം വേര്‍തിരിച്ചിട്ടുണ്ട്. ഇതിന് ഫ്ലൂ, ഹെര്‍പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില.

രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. വായ്‌നാറ്റം വരാതിരിക്കാന്‍ ഇത് ചവച്ചുതുപ്പിയാല്‍ മതി.
ഇത് ഏത് കാലാവസ്ഥയിലും നന്നായി വളരും. രംഭയിലയെ വയനാട്ടില്‍ ചിലര്‍ ഗന്ധപുല്ല് എന്നാണ് പറയുന്നത്. പുട്ട് ചുടുന്നതിനൊപ്പവും ചക്കയപ്പം തയ്യാറാക്കുന്നതിനൊപ്പവും ഇതിട്ടാല്‍ നല്ലമണവും രുചിയും കിട്ടും.

0 comments:

Post a Comment